Wednesday, 11 February 2015

തഴുതാമ
ഇംഗ്ലീഷില്‍ ഹോഴ്സ് പര്‍സ് ലേന്‍ ((Horse-Purslane) എന്നപേരിലറിയപ്പെടുന്ന തഴുതാമയുടെ ശാസ്ത്രനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ (Boerhavia Diffusa Linn.) എന്നാണ്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുനന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല. പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും.
ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരു ഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലം ഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍ മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീല പൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കം വലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടി വിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും. തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാല്‍‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും. മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.

No comments:

Post a Comment