Wednesday, 22 July 2015

ഒരു റിവ്യൂ മീറ്റിംഗില്‍ വെച്ച് ആ മാസത്തിലെ ' കൃഷിയങ്കണം' (VFPCK യുടെ പഴം പച്ചക്കറി, ഇതര കാര്‍ഷികവാര്‍ത്തകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന കാര്‍ഷികമാസിക) വിതരണം ചെയ്യുകന്നതിനിടെ ' ദീപകുമാറിന് അറിയാമോ ' എന്നുകേട്ട് തലയുയര്‍ത്തിയപ്പോള്‍ ഞങ്ങളുടെ ജില്ലാ ഓഫീസര്‍ ചോദിച്ചു,
' എന്താണ് ഈ കൊമ്പൂച്ച, അതിന്‍റെ ഉപയോഗമെന്ന് !!? '
പൂച്ചക്കും കൊമ്പ് മുളച്ചുതുടങ്ങിയോ, എന്ന കുസൃതിച്ചോദ്യം മനസ്സിലൊതുക്കി ഞാന്‍ പറഞ്ഞു,
'ആദ്യമായി കേള്‍ക്കുന്നു സാര്‍. '
' എന്നാല്‍ ആ കൃഷിയങ്കണം ഒന്ന് വായിച്ചിട്ട് പറയൂ .. '
ധൃതിയില്‍ കൊമ്പൂച്ചയെക്കുറിച്ചുള്ള ലേഖനം വായിച്ചുതീര്‍ത്ത് ഉത്സാഹത്തോടെ ഞാന്‍ പറഞ്ഞു, ' സാര്‍, ഇത് എന്റെ കയ്യില്‍ ഉണ്ടല്ലോ, ഞാന്‍ ഉപയോഗിക്കുന്നതാണ്. പക്ഷേ, ഇതിന്റെ പേരിതാണെന്നും ഗുണഗണങ്ങളും ഇപ്പോഴാ അറിഞ്ഞത്.'
'എന്നാല്‍ ശരി, ബാക്കിയുള്ളവര്‍ക്ക് ദീപകുമാര്‍ പറഞ്ഞുകൊടുക്കൂ.' അടുത്ത 10 മിനിറ്റ് കൊമ്പൂച്ചയെക്കുറിച്ച് ക്ലാസ്സെടുക്കലായിരുന്നു.
വടക്കുകിഴക്കന്‍ ചൈനയിലെ ജനങ്ങള്‍ ആയിരാരോഗ്യത്തിനായി ദിവസവും ഓരോ കപ്പ്‌ വീതം സേവിക്കുന്ന ഒരു അമൃതപാനീയമാണിത്. അവരുടെ മാത്രം രഹസ്യമായിരുന്ന ഇതിപ്പോള്‍ കൂടുവിട്ടിറങ്ങിയെങ്കി അടുത്തതായി റഷ്യയില്‍ പ്രചരിച്ചെങ്കിലും ഇന്ത്യയില്‍ ഉള്ളതായി എന്റെ അറിവിലില്ല . റഷ്യയില്‍ പോയി വന്ന ഒരു വൈദികന്‍ എന്റെ ഒരു പ്രിയകര്‍ഷകന് കൈമാറിയശേഷം പിന്നീടാണ് എന്റെ കയ്യില്‍ കിട്ടുന്നത്. ഒരു പ്രത്യേകതരം കൂണും ബാക്ടീരിയയും ഒരു പരാദസ്പര്യം (Symbiotic Association) ഉപയോഗിച്ചുണ്ടാക്കുന്ന ഈ പാനീയം മനുഷ്യശരീരത്തില്‍ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ ദൂരീകരിക്കുന്ന ഒരുപാട് ഔഷധങ്ങള്‍ അടങ്ങിയതാണ്. കരളിന്റെ ആരോഗ്യം, കാന്‍സര്‍ പ്രതിരോധം / ശമനം , വാതശമനം, മെച്ചപ്പെട്ട കാഴ്ചശക്തി, ആസ്ത്മ / ശ്വാസകോശശമനം, വൃക്കരോഗശമനം , എന്നിങ്ങനെ ഒട്ടനവധി ഗുണങ്ങള്‍ ഇതിനുണ്ടെന്ന് ഞാന്‍ വായിച്ചറിഞ്ഞു. കൂടതലറിയാന്‍ : http://www.foodrenegade.com/kombucha-health-benefits/
കൃഷിയിലെ ഉപയോഗങ്ങള്‍: 5 മില്ലി കൊമ്പൂച്ച ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികള്‍ക്ക് വെയിലാറിയശേഷം സ്പ്രേ ചെയ്‌താല്‍ വിളകള്‍ക്ക് അധിക ഉത്‌പാദനവും ഗുണമേന്മയും ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതര ഉപയോഗങ്ങള്‍ ഇനിയും ഗവേഷണത്തിലാണ്
മൂന്ന്‌ ലിറ്റര്‍ കൊമ്പൂച്ച ഉണ്ടാക്കുന്ന വിധം :
ആവശ്യമുള്ള സാധനങ്ങള്‍ ( ഒരു ലിറ്ററിന് )
1. കൊമ്പൂച്ച കള്‍ച്ചര്‍ (ചിത്രം നോക്കുക)
2. 100 ഗ്രാം പഞ്ചസാര / ശുദ്ധമായ ശര്‍ക്കര
3. രണ്ട് ടീസ്പൂണ്‍ ബ്ലാക്ക്‌ ടീ / ഗ്രീന്‍ ടീ പൊടി
4. ആറിഞ്ച് വ്യാസമുള്ള നാല് ലിറ്റര്‍ കൊള്ളുന്ന ചീന ഭരണി / ഗ്ലാസ് / നല്ല ഗുനനിലവാരമുള്ള സ്റ്റീല്‍ പാത്രം
മൂന്ന് ലിറ്റര്‍ വെള്ളം തിളക്കുമ്പോള്‍ ചായപ്പൊടി ഇടുക. ചൂടാറിയശേഷം അരിച്ചെടുത്ത ലായനിയില്‍ (ഒരു ലിറ്ററിന് 100 ഗ്രാം വീതം) പഞ്ചസാര പൂര്‍ണ്ണമായും ലയിപ്പിക്കുക. തണുത്തശേഷം കൊമ്പൂച്ച കള്‍ച്ചര്‍ വൃത്തിയുള്ള കൈകളാല്‍ എടുത്ത് ഈ ലായനിയിലേക്ക് ഇടുക. ശേഷം വായു കടക്കുന്നവിധത്തില്‍ ഇഴയകലമുള്ള ഒരു കോട്ടന്‍ തുണികൊണ്ട് മൂടി വശങ്ങളില്‍ കെട്ടി വീടിനകത്ത് സൂക്ഷിക്കാം. നേരിട്ടുള്ള സൂര്യപാതമോ അന്തരീക്ഷതാപം 27 ഡിഗ്രിയില്‍ കൂടാനോ പാടുള്ളതല്ല.
8-12 ദിവസങ്ങള്‍ വേണം കിണ്വനം (Fermentation) പൂര്‍ത്തിയായി ഈ ലായനി കൊമ്പൂച്ചയാവാന്‍. (കിണ്വനം അമിതമായാല്‍ നേരിയ മധുരം പോലുമില്ലാതെ ചവര്‍പ്പുരുചിയായിരിക്കും) അപ്പോഴേക്കും നേരത്തേ ചേര്‍ത്ത കള്‍ച്ചര്‍ കൊമ്പൂച്ചപ്പാനീയത്തിനുമീതെ നേരിയ ബ്രൌണ്‍ നിറം കലര്‍ന്ന വെള്ളനിറത്തില്‍ കട്ടിയുള്ള പാടയടുക്കുകളായി വളര്‍ന്നതുകാണാം. പാനീയം അരിച്ചെടുത്ത് ഒരു ഗ്ലാസ് വീതം രാവിലെ വെറും വയറ്റിലും ഉച്ചഭക്ഷണത്തിനുശേഷവും ഉറങ്ങുന്നതിനുമുന്‍പും സേവിക്കാം.
പാനീയത്തില്‍നിന്നും മാറ്റിയ കള്‍ച്ചര്‍ പാടയടുക്കുകള്‍ വീണ്ടും ചായലായനി തയ്യാറാക്കി കൊമ്പൂച്ചയുണ്ടാക്കാന്‍ ഉപയോഗിക്കാം.
** ചിത്രങ്ങള്‍ ഓരോന്നോരോന്നായി നോക്കുക
Deepan Velambath S

No comments:

Post a Comment