
അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. സൈപ്പെറസ് റോട്ടുന്‍ഡസ് (Cyperus Rotundus Lin.) എന്നാണ് മുത്തങ്ങയുടെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ നട്ട്ഗ്രാസ്സ് (Nut grass) എന്നും പറയുന്നു. നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്. ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുകയും പതിവുണ്ട്. 15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താല്‍ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചുകഴിച്ചാല്‍ വയറുകടിയും വയറിളക്കവും മാറും. മുത്തങ്ങ മോരില്‍ അരച്ചു കുഴമ്പാക്കി പുരട്ടിയാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കുന്നതാണ്.
No comments:
Post a Comment