Thursday, 3 September 2015

ഞവര


ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.
ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെ പ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്.
ബീജവര്‍ധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവര വളരെ ഗുണം ചെയ്യുന്നു.
സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്.
കുറുന്തോട്ടി ചേര്‍ത്ത് പാലില്‍ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയ സമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു.

No comments:

Post a Comment