Thursday, 1 October 2015

നെല്ലിക്ക മുറബ്ബ.


നല്ലോരു അയേണ്‍, വിറ്റാമിന്‍ സി മിശ്രണഫലമാണിത്. നെല്ലിക്കാ തളം തലയില്‍ ഇട്ടവന് മനസ്സിനു പോലും സുഖം ലഭിക്കുമ്പോള്‍ അത് ഉള്ളില്‍ കഴിച്ചാല്‍ കിട്ടുന്ന ലാഭം അതി ഭയങ്കരം തന്നേയാകില്ലേ കൂട്ടരേ! നെല്ലിക്ക വിളവെടുക്കുന്നിടത്ത് കര്‍ഷകന്റെ ദൗത്യം ആരംഭിക്കുകയാണ്. വാല്യൂ അഡീഷന്‍ എതു കൃഷിക്കും ഇന്നത്തെ ആവശ്യമാണ്. ജനങ്ങളെ അമൃതേത്തിനു സജ്ജരാക്കുന്ന കര്‍ഷകന്‍ ദൈവത്തിനൊപ്പമാകും.
ജരാനരകള്‍ കൂടാതെ ആയുരാരോഗ്യം നല്‍കും അമൃതിനു തത്തുല്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മധുര നെല്ലിക്കാ ഉണ്ടാക്കി വക്കുക എന്നത് ഒരു വര്‍ഷം മുഴുവനുമായി അതിന്റെ ഗുണം വീട്ടുകാര്‍ക്കെല്ലാം ലഭ്യമാക്കാനുള്ള ഒരു പ്രാചീന സമ്പ്രദായമാണെന്നാണെന്റെ തോന്നല്‍.
അതിന്നാവശ്യമായതെന്തെല്ലാം?
നല്ല മൂത്തു പഴുത്ത ചീയലും കേടുപാടുകളൊന്നും ഇല്ലാത്ത നെല്ലിക്ക ഒരു കിലോ,
പഞ്ചസാര ഒരൊന്നരകിലോയോളമാകാം.
ഏലം എട്ടു പത്തെണ്ണം പൊളിച്ച് തകര്‍ത്തത്
കുങ്കുമപൂവ് കുഞ്ഞുസ്പൂണില്‍ പകുതിയോ നിങ്ങളുടെ ആസ്തിക്കനുസരിച്ചോ
കുരുമുളക് കുഞ്ഞുസ്പൂണില്‍ പകുതി
ബ്ലാക്ക് സാള്‍ട്ട് ( സോഡിയം ക്ലോറേഡും സോഡിയം സള്‍ഫേറ്റ് ചെറുതായി ചേര്‍ന്ന ഒരു മിനറല്‍) ഒരു കുഞ്ഞു സ്പൂണ്‍, മിക്ക സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടാം.
ആലം. പണ്ടൊക്കെ ബാര്‍ബ്ബര്‍ ഷോപ്പില്‍ മുടി വെട്ടിയതു ശേഷമുള്ള മിനുക്കുപണിയില്‍ മെമ്പോടി ചേര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന തരം വെള്ളാരം കല്ല്, അത് ആയൂര്‍വ്വേദ കടകളില്‍ ഇന്നും കിട്ടും. പൊടിച്ചാല്‍ ഒരര സ്പൂണ്‍ ധാരാളം.
ശുദ്ധ വെള്ളത്തില്‍ രണ്ട് ദിവസം ഇട്ടു കുളിപ്പിച്ച നല്ല നെല്ലിക്കയെ എടുത്തു എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അവ മുറിച്ചു മാറ്റി, ഒരു ഫോര്‍ക്കു കൊണ്ട് പറ്റാവുന്നത്ര ആഴത്തില്‍ കുത്തി നോവിക്കണം. പിന്നീടവയെ വീണ്ടും രണ്ടു ദിവസത്തെ കുളിക്കായി അരസ്പൂണ്‍ ആലം ചേര്‍ത്ത വെള്ളത്തില്‍ മുക്കി വക്കണം. അപ്പോള്‍ അതിലെ കയ്പുരസം വാര്‍ന്നു അവ ശുദ്ധിയുള്ള നെല്ലിക്കയായി മാറിയിരിക്കും. അതില്‍ നിന്നുമെടുക്കുന്ന നെല്ലിക്കയെ നല്ല വെള്ളത്തില്‍ രണ്ടു തവണ നന്നായി കഴുകിയെടുത്താലും.
ഇനി ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക, അതില്‍ ആ നെല്ലിക്ക ഇട്ട് വീണ്ടും തിളവന്നതിനു ശേഷം രണ്ടു മിനിറ്റ് തിളക്കാന്‍ വിട്ടതിനു ശേഷം അടുപ്പു കെടുത്തുക. ഇനി പത്തു മിനിറ്റ് പാത്രം മൂടി തന്നെയിരിക്കട്ടെ. പിന്നീട് നെല്ലിക്കയെ വെള്ളം അരിച്ചു പുറത്തെടുക്കുക.
അരലിറ്റര്‍ വെള്ളത്തില്‍ നമ്മുടെ കയ്യിലുള്ള ഒന്നര കിലോ പഞ്ചസാര തിളപ്പിച്ചു ലായനി തയ്യാറാക്കുക. അതില്‍ നമ്മുടെ നെല്ലിക്കയെ ശേഷം ഇട്ടു നല്ലവണ്ണം തിളച്ചു തേന്‍ പരുവമാക്കാന്‍ വക്കുക. നെല്ലിക്ക അധികം വെന്തുടയാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ നടപ്പാക്കുക. ഇനി അത് തണുപ്പിച്ചതിനു ശേഷം ബ്ലാക് സാല്‍ട്ട്, കുരുമുളകു പൊടി, ഏലപ്പോടി, കുങ്കുമപൂവ് എന്നിവ ചേര്‍ത്തിളക്കി ജലാംശം തീറെയില്ലാതാക്കിയ കുപ്പിയിലാക്കാം.
നെല്ലിക്കയുടെ മുകളില്‍ പഞ്ചസാര ഇട്ട് നാലഞ്ചു മണിക്കൂര്‍ വച്ചു ജ്യൂസ് പുറത്താക്കിയ ശേഷം തിളപ്പിച്ചാല്‍ നെല്ലിക്ക വെന്തു പോകാതിരിക്കാന്‍ സഹായകരമാകുന്നതാകും.
കുപ്പിയില്‍ പഞ്ചസാര ലായനി നെല്ലിക്കാക്ക് മുകളില്‍ നില്‍ക്കണം. രണ്ടു ദിവസം കഴിയുമ്പോള്‍ പഞ്ചസാര ലായനി നേര്‍ത്തു വന്നതായി നിരീക്ഷിച്ച് അങ്ങിനെ കണ്ടാല്‍ വീണ്ടും ലായനി തിളപ്പിച്ചു കട്ടിയാക്കുക. ഇടക്കിടെ മാസങ്ങള്‍ കഴിയുമ്പോഴും പഞ്ചസാര ലായനിയെ നോക്കി എപ്പോഴൊക്കെ കനം കുറയുന്നൂവെന്നു കണ്ടാല്‍ തിളപ്പിച്ച് വെള്ളം കളയുക. ഒരു കൊല്ലമോ രണ്ട് കൊല്ലമോ കേടു വരാതെ ഇരിക്കണം. കേടു വന്നാല്‍ ആരോടും ചോദിക്കാതെ എടുത്തു കളയാനും മടിക്കരുതേ.

No comments:

Post a Comment